02:19pm 11 November 2026
NEWS
നമ്മ മെട്രോ ബസവ മെട്രോ ആകുമോ, അതോ വാല്മീകി മെട്രോയോ?
08/10/2025  05:43 PM IST
വിഷ്ണുമംഗലം കുമാർ
നമ്മ മെട്രോ ബസവ മെട്രോ ആകുമോ, അതോ വാല്മീകി മെട്രോയോ?

ബംഗളുരുവിലെ മെട്രോ ട്രെയിൻ സർവ്വീസ് നമ്മ മെട്രോ എന്നാണറിയപ്പെടുന്നത്. നമ്മ മെട്രോ എന്നാൽ നമ്മുടെ മെട്രോ എന്നാണർത്ഥം. ആർക്കും അടുപ്പം തോന്നുന്ന പേരായതിനാൽ അത് വ്യാപകമായി സ്വീകരിക്കപ്പെട്ടു. പർപ്പിൾ, ഗ്രീൻ, യെല്ലോ എന്നീ മൂന്ന് ലൈനുകളിലായി 95 കിലോമീറ്റർ ദൂരം നമ്മ മെട്രോ സർവ്വീസാണ് നഗരത്തിൽ ഇപ്പോൾ നിലവിലുള്ളത്. ബ്ലൂ, പിങ്ക് എന്നീ രണ്ട് പുതിയ ലൈനുകളുടെയും പർപ്പിൾ, ഗ്രീൻ എന്നിവയുടെ എക്സ്റ്റൻഷ്യനുകളുടെയും നിർമ്മാണജോലികൾ വിവിധ ഘട്ടത്തിലാണ്. നഗരവാസികളുടേയും സന്ദർശകരുടെയും ഇടയിൽ, ദിവസേന ശരാശരി പത്തുലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന നമ്മ മെട്രോ വളരെയേറെ പോപ്പുലറാണ്. അതിനിടയിലാണ് നമ്മ മെട്രോയുടെ പേര് ബസവ മെട്രോ എന്നാക്കാൻ കേന്ദ്രത്തിന് കത്ത് നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണാടകത്തിൽ ജീവിച്ചിരുന്ന സാമൂഹ്യ പരിഷ്കർത്താവാണ് ബസവേശ്വര. ലിങ്കായത്ത് സമുദായക്കാരാണ് ബസവേശ്വരനെ ആരാധിക്കുന്നവരിൽ പ്രധാനികൾ. ആ സമുദായത്തെ പ്രീണിപ്പിക്കുക എന്ന ഉദ്ദേശ്യവും അഹിന്ദ നേതാവായി ചിത്രീകരിക്കപ്പെടുന്ന സിദ്ധരാമയ്യയ്‌ക്ക് ഉണ്ടാകാം. മെട്രോ പേരുമാറ്റത്തെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് നഗരവാസികളിൽ നിന്നുയരുന്നത്. നമ്മ മെട്രോ സമുചിതമായ പേരാണെന്നും അത് മറ്റേണ്ടതില്ലെന്നും പലരും അഭിപ്രായപ്പെടുന്നു. എന്നാൽ ബസവേശ്വരന്റെ പേരിടുന്നത് ആ മഹാത്മാവിനോടുള്ള ആദരവ് വർധിപ്പിക്കുമെന്ന് മറ്റുചിലർ പറയുന്നു. വാൽമീകിയുടെ പേരിടണമെന്ന നിർദ്ദേശവും അതിനിടയിൽ ഉയർന്നുവന്നിട്ടുണ്ട്. സംസ്ഥാനത്ത് വിപുലമായ സ്വാധീനമുള്ള പട്ടികജാതി വിഭാഗമാണ് വാൽമീകി സമുദായം. അവരുടെ ഒരു സമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള നിവേദനം മുഖ്യമന്ത്രിയ്‌ക്ക് നൽകിയത്. അതും കേന്ദ്രത്തിന് നൽകുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. കേന്ദ്രവും സംസ്ഥാനവും ചേർന്നു നടത്തുന്ന സംരംഭമാണ് മെട്രോ. കേന്ദ്രം കൂടി സമ്മതിച്ചാലെ പേരുമാറ്റം സാധ്യമാകൂ. നമ്മ മെട്രോ ബസവ മെട്രോയോ വാൽമീകി മെട്രോയോ ആകുമോ അതല്ല നമ്മ മെട്രോ ആയിത്തന്നെ തുടരുമോ? നഗരവാസികൾ ആകാംക്ഷയിലാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img